Friday, September 10, 2010

RAMZAM IN ODUPARA - ചില റംസാന്‍ വിശേഷങ്ങള്‍ - ഒടുപാറ

ചില റംസാന്‍ വിശേഷങ്ങള്‍ - ഒടുപാറ
 
പുണ്ണ്യങ്ങളുടെ പൂക്കാലമായ റമളാന്‍ മാസം നമ്മോട് വിട പറഞ്ഞു. നമ്മുടെ നാട്ടിലെ ചില റമളാന്‍ വിശേഷങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു.

ഈ വര്‍ഷം മറ്റുള്ള രാജ്യങ്ങളില്‍ നോമ്പ് ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് കേരളത്തില്‍ മാസപ്പിറവി കണ്ടത്. അതിനാല്‍ നമുക്ക് 29 നോമ്പ് മാത്രമേ ഈ പ്രാവശ്യം ലഭിചുള്ളൂ. ഈ പ്രാവശ്യം മഴയും വെയിലും ഇട കലര്‍ന്ന സുഖകരമായ കാലാവസ്ഥയായിരുന്നു.


നമ്മുടെ നാട്ടില്‍ സാധാരണയായി പുലര്‍ച്ചെ 4 മണിക്ക് ശേഷം എഴുന്നേറ്റ് ഭക്ഷണം കഴിച്ചാണ് നോമ്പ് നോല്‍ക്കാറ്. ഇത്തവണ 4:58 മുതല്‍ 5:02 വരെയായിരുന്നു സുബഹ് ബാങ്കിന്റെ സമയം. കേരളീയരുടെ മുഖ്യ ആഹാരമായ ചോറ് തന്നെയാണ് നോമ്പ് നോല്‍ക്കുമ്പോള്‍ സാധാരണ കഴിക്കുന്നത്. മീന്‍ കറി, പച്ചക്കറി, ഉപ്പേരി, പപ്പടം, മീന്‍ പൊരിച്ചത്, മോര് തുടങ്ങിയ വിഭവങ്ങളുമുണ്ടാകും.

ബന്ദുക്കളെയും സ്നേഹിതരെയും അയല്‍ക്കാരെയും മറ്റും പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പ് തുറകള്‍ (iftar party) നമ്മുടെ നാട്ടില്‍ പതിവാണ്. നോമ്പ് തുറക്കല്‍ സാധാരണയായി രണ്ടു ഘട്ടമായിട്ടാണ് നടത്തി വരുന്നത്. ആദ്യം കാരക്ക കൊണ്ട് നോമ്പ് തുറന്ന ശേഷം ജ്യൂസുകളും പഴങ്ങളും മറ്റ് പലഹാരങ്ങളും ഉണ്ടാകും.സാധാരണയായി തരിക്കഞ്ഞി, വാഴപ്പഴം ജ്യൂസ്, കൈതച്ചക്ക ജ്യൂസ്, കുവ്വ (arrowroot) തുടങ്ങിയ പാനീയങ്ങളും ആപ്പിള്‍, മുന്തിരി, ഓറഞ്ച്, കൈതച്ചക്ക, തണ്ണി മത്തന്‍ തുടങ്ങിയ പഴങ്ങളും പഴം പൊരിച്ചത്, ഉള്ളി വട, പൊക്ക വട, റൊട്ടി പൊരിച്ചത്, സമൂസ, തുടങ്ങിയ പലഹാരങ്ങളും ഉണ്ടാകും. ഇവ കഴിച്ച ശേഷം മഗ്‌രിബ് നിസ്കാരം നിര്‍വഹിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ഈ വര്‍ഷം എടുത്ത ചില ഫോട്ടോകള്‍ താഴെ കൊടുക്കുന്നു.

നോമ്പ് തുറക്ക് വേണ്ടി പഴങ്ങളും പലഹാരങ്ങളും ഒരുക്കി വെച്ചിരിക്കുന്നു.

തരിക്കഞ്ഞി, പഴം ജ്യൂസ്, പഴം പൊരി, റൊട്ടി പൊരിച്ചത്, ഉള്ളി വട, പൊക്ക വട, ആപ്പിള്‍, മുന്തിരി, നാരങ്ങ, കൈതച്ചക്ക മുതലായവ

മഗ്‌രിബ് നിസ്കാരത്തിനു ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ സാധാരണയായി പത്തിരി, പൂളക്കറി, കോഴിക്കറി, കോഴി പൊരിച്ചത്, ബീഫ് ഫ്രൈ, മീന്‍ പൊരിച്ചത്, ചപ്പാത്തി, പൂരി, തുടങ്ങിയ വിഭവങ്ങളാണ് ഉണ്ടാകാറ്. ഈയിടെയായി ചില സ്ഥലങ്ങളില്‍ ബിരിയാണിയും ഉണ്ടാകാറുണ്ട്.

പത്തിരി, പൂളക്കറി, കോഴിക്കറി, ബീഫ് ഫ്രൈ, ചപ്പാത്തി, പൂരി,


റമളാന്‍ പതിനേഴാം രാവില്‍ ഒടുപാറയില്‍ വെച്ച് ബദര്‍ അനുസ്മരണം വിപുലമായി ആചരിക്കുന്നു. അതിനെ പറ്റി നാം കഴിഞ്ഞ ബ്ലോഗില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു.
ലൈലതുല്‍ ഖദറിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന റമളാന്‍ ഇരുപത്തെഴാം രാവില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ഒടുപാറ ജുമാ മസ്ജിദില്‍ വെച്ച് നടന്ന് വരുന്നു. ആ‍ ദിനത്തില്‍ വീടുകളില്‍ മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന പതിവുമുണ്ട്.



ഏവര്‍ക്കും ഒരായിരം പെരുന്നാള്‍ ആശംസകളോടെ

Habeebu Rahman PP Odupara